Tuesday, September 27, 2011

MALLIKA SARABHAI-manjeri UWC


 ക്യാമ്പസിന്റെ ചോദ്യങ്ങളില്‍                    ചുവടുപിഴയ്ക്കാതെ മല്ലിക





മഞ്ചേരി: "സന്ദര്‍ശിച്ച 32-ാമത്തെ കോളേജില്‍ ഒടുവില്‍ ഞാന്‍ അന്വേഷിച്ചവരെ കണ്ടെത്തി" മഞ്ചേരി യൂണിറ്റി വിമന്‍സ് കോളേജിലെ വിദ്യാര്‍ഥിനികളെ ചൂണ്ടി പ്രസിദ്ധ നര്‍ത്തകിയും സാമൂഹ്യപ്രവര്‍ത്തകയുമായ മല്ലിക സാരാഭായി പറഞ്ഞപ്പോള്‍ ഓഡിറ്റോറിയത്തിലും പരിസരത്തും നിലയ്ക്കാത്ത കരഘോഷം. സംവാദത്തില്‍ പെണ്‍കുട്ടികളുടെ ചുറുചുറുക്ക് പരാമര്‍ശിച്ചാണ് മല്ലിക ഇത് പറഞ്ഞത്. മാധ്യമങ്ങളിലൂടെമാത്രം അറിഞ്ഞിട്ടുള്ള നൃത്തവിസ്മയത്തെ അങ്ങേയറ്റം ലാളിത്യത്തോടെ നേരില്‍ കണ്ടപ്പോള്‍ കുട്ടികള്‍ക്കും ആഹ്ലാദം. വാക്കുകളിലൂടെ അവര്‍ നടനമാടിയത് ആയിരത്തോളം വരുന്ന വിദ്യാര്‍ഥിനികളുടെ മനസ്സില്‍ . കെഎസ്ഡബ്ല്യുഡിസി ആവിഷ്കരിച്ച കര്‍മപരിപാടിയുടെ ഭാഗമായി മഞ്ചേരി യൂണിറ്റി വിമന്‍സ് കോളേജില്‍നടന്ന സ്ത്രീശാക്തീകരണ സെമിനാറില്‍ പങ്കെടുക്കാനെത്തിയതാണ് മല്ലിക. കാറില്‍ കോളേജിലെത്തിയപ്പോള്‍ "ഉണര്‍ത്തുപാട്ട്" ഡോക്യുമെന്ററി പ്രദര്‍ശനം നടക്കുകയായിരുന്നു. പുറത്തുനിന്ന മാധ്യമ പ്രവര്‍ത്തകരൊഴികെ അധികമാരും മല്ലിക എത്തിയത് അറിഞ്ഞില്ല. പ്രദര്‍ശനവേദിയിലേക്ക് ആനയിച്ചെങ്കിലും അവര്‍ അനങ്ങിയില്ല. കൂടെയുണ്ടായിരുന്ന കൗണ്‍സലര്‍ ജാന്‍സി ജോസിന്റെ ചെവിയില്‍ എന്തോ മന്ത്രിച്ച് വീണ്ടും കാറിനുള്ളിലേക്ക്. ഏവര്‍ക്കും അമ്പരപ്പ്. വിദ്യാര്‍ഥിനികളുടെ ശ്രദ്ധ ഡോക്യുമെന്ററിയില്‍നിന്ന് മാറി തന്നിലേക്കാവുന്നത് ലക്ഷ്യത്തെ ബാധിക്കുമെന്നതിനാലാണ് പുറത്തിറങ്ങാതിരുന്നതെന്ന് മല്ലിക. അരമണിക്കൂറോളം കാറിനുള്ളില്‍ കാത്തിരുന്ന് അവര്‍ തന്റെ രാജ്യയാത്രയുടെ പ്രതിബദ്ധത തെളിയിച്ചു. ഡോക്യുമെന്ററി തീര്‍ന്ന് കരഘോഷം മുഴങ്ങിയപ്പോള്‍ ഒരു സ്കൂള്‍ കുട്ടിയെപ്പോലെ ഓടി അകത്തേക്ക്. പിന്നെ ഹ്രസ്വമെങ്കിലും ക്യാമ്പസ് രുചിയുള്ള ആശയസംവാദം. സ്വന്തം കാലില്‍ നില്‍ക്കാനുള്ള ആത്മവിശ്വാസം ആര്‍ജിക്കാന്‍ അവര്‍ വിദ്യാര്‍ഥിനികളെ ആഹ്വാനംചെയ്തു. വിദ്യാര്‍ഥിനികള്‍ സംശയങ്ങളും ആശങ്കകളും പങ്കുവച്ചു. പൂവാലന്മാരുടെ കമന്റിനെ കമന്റുകൊണ്ട് നേരിടണമെന്നാണ് മല്ലികയുടെ പക്ഷം. ചിലരുടെ അനുഭവങ്ങള്‍ വിവരിച്ചത് സദസ്സില്‍ ചിരിയുണര്‍ത്തി. അമ്മ മൃണാളിനി സാരാഭായിയുടെ കുറ്റിപ്പുറം ബന്ധം പരാമര്‍ശിക്കാനും മല്ലിക മറന്നില്ല. കേരളത്തിലെ പുരുഷന്മാര്‍ക്കിടയില്‍ മദ്യപാനം വളരെ കൂടുതലാണെന്ന് അവര്‍ വിലയിരുത്തി. "സംസ്ഥാന വരുമാനത്തിന്റെ സിംഹഭാഗം മദ്യത്തില്‍നിന്ന്- ഗുരുതര സ്ഥിതിവിശേഷമാണിത്". മഞ്ചേരിയില്‍നിന്ന് നേരെ യാത്ര കോട്ടക്കലിലേക്ക്. തുടര്‍ന്ന് തന്റെ വേരുകളുള്ള കുറ്റിപ്പുറത്തും മല്ലിക പരിപാടികളില്‍ പങ്കെടുത്തു. ഡോ. ജാന്‍സി ജോസിന്റെ കൗണ്‍സലിങ്ങും പരിപാടിയുടെ ഭാഗമായി നടന്നു.

1 comment:

  1. Do you have a spam problem on this blog; I also am a blogger,
    and I was curious about your situation; we
    have created some nice procedures and we are looking to trade methods with other folks, why not shoot me an email if interested.
    My page - search engine

    ReplyDelete