Wednesday, August 29, 2012

Kuthbathul Jihadiya

നാലു നൂറ്റാണ്ട്‌ മുമ്പുള്ള ഖുത്ബത്തുല്‍ ജിഹാദിയ്യ കണെ്ടടുത്തു

തേഞ്ഞിപ്പലം: പോര്‍ച്ചുഗീസുകാര്‍ക്കെതിരേ നായര്‍ പടയാളികള്‍ക്കൊപ്പം പോരാടി രക്തസാക്ഷിത്വം വരിക്കണമെന്നു ആഹ്വാനം ചെയ്യുന്ന കോഴിക്കോട്‌ ഖാസി മുഹമ്മദിന്റെ 1571ലെ അറബി ഖുതുബയായ ഖുതുബത്തുല്‍ ജിഹാദിയ്യ എന്ന കൃതി പാങ്ങില്‍ അഹമ്മദ്കുട്ടി മുസ്ല്യാരുടെ വീട്ടില്‍ നിന്നു കണെ്ടടുത്തു. ഇതിനൊപ്പം എഴുതിയ അല്‍കസീദത്തുല്‍ ജിഹാദിയ എന്ന കാവ്യവും കണെ്ടടുത്തിട്ടുണ്ട്‌. ചാലിയം കോട്ട പിടിച്ചെടുക്കുന്നതിനു സാമൂതിരി രാജാവിന്റെ നായര്‍ പടയാളികള്‍ക്കൊപ്പം പോരാടണമെന്നാണ്‌ ഖുത്തുബയില്‍ ആഹ്വാനം ചെയ്യുന്നത്‌. 
ചാലിയം കോട്ടയില്‍ തടിച്ചു കൂടിയ മുസ്ലിംകള്‍ക്കും അടുത്തുള്ള പള്ളികളികളിലേക്കും ഖാസി മുഹമ്മദ്‌ ഈ ആഹ്വാനം ഫത്‌വ രൂപത്തില്‍ തയ്യാറാക്കി അയച്ചിരുന്നു. കാലിക്കറ്റ്‌ വാഴ്സിറ്റി അറബിക്‌ ഡിപാര്‍ട്ട്മെന്റിന്റെയും ഡല്‍ഹിയിലെ നാഷനല്‍ മാനുസ്ക്രിപ്റ്റ്‌ മിഷന്റെയും നേതൃത്വത്തില്‍ നടത്തിവരുന്ന അറബി, ഉറുദു, പേര്‍ഷ്യന്‍ കൈയെഴുത്തു പ്രതികളുടെ എഡിറ്റിങ്ങ്‌ ശില്‍പ്പശാലയോടനുബന്ധിച്ചു നടത്തിയ അന്വേഷണത്തിലാണ്‌ ഡോ. എന്‍ എ എം അബ്ദുല്‍ഖാദറിന്റെ നേതൃത്വത്തില്‍ നാലു നൂറ്റാണ്ട്‌ മുമ്പുള്ള കൃതി കണെ്ടടുത്തത്‌. 
ആമിനുമ്മാന്റകത്ത്‌ പരീകുട്ടി മുസ്്ല്യാരുടെ മുഹിമ്മാത്തുല്‍ മുഅ്മിനീന്‍, സയ്യിദലവി മമ്പുറം തങ്ങളുടെ മകനായ ഫള്‍ല്‍ തങ്ങളുടെ തന്‍ബീഹുല്‍ കാഫിലീന്‍, പോര്‍ച്ചുഗീസുകാര്‍ക്കെതിരേ പോരാടി രക്തസാക്ഷിത്വം വരിച്ച കുഞ്ഞിമരക്കാര്‍ ശഹീദിന്റെ കോട്ടൂപള്ളിമാല, കാസര്‍കോഡിനടുത്ത്‌ രാമംതളിയില്‍ അക്രമികളായ പോര്‍ച്ചുഗീസുകാര്‍ക്കെതിരേ രക്തസാക്ഷികളായവരുടെ പേരിലുള്ള രാമംതളി ശുഹദാമാല, ഖുതുബതുല്‍ ജിഹാദിയ എന്നിങ്ങനെ അഞ്ച്‌ അധിനിവേശ വിരുദ്ധ സാഹിത്യ കൃതികള്‍ എഡിറ്റിങ്ങ്‌ പൂര്‍ത്തിയാക്കി അറബി, ഇംഗ്ലീഷ്‌ ഭാഷകളില്‍ പ്രസിദ്ധീകരിക്കും. കേരളത്തിലെ അറബി ലിപിയുടെ വികാസമെന്ന പുസ്തകവും മലയാളത്തിലെ അറബി-ഉറുദു-പേര്‍ഷ്യന്‍ പദങ്ങളടങ്ങിയ നിഘണ്ടുവും പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ്‌. ഒരു മാസമായി നടന്നുവരുന്ന ശില്‍പ്പശാല ഇന്നലെ സമാപിച്ചു. സുലൈഖ ഹുസൈന്‍, മൂസ അയിരൂര്‍, കെ മുഹമ്മദ്കുട്ടി ബാഖവി പൂക്കോട്ടൂര്‍, ബാലകൃഷ്ണന്‍ വള്ളിക്കുന്ന്‌ എന്നീ എഴുത്തുകാരെ ശില്‍പ്പശാലയില്‍ ആദരിച്ചു. എസ്‌ പി സ്വാമി, കെ കെ എന്‍ കുറുപ്പ്‌, എ ഐ റഹ്മത്തുല്ല, ഡോ. എന്‍ എ എം അബ്ദുല്‍ഖാദര്‍ സംസാരിച്ചു.
anyone know about this book.like to know your comment.thank you

1 comment:

  1. ഖുതുബത്തുല്‍ ജിഹാദിയ്യ
    പതിനാറാം നൂറ്റാണ്ടില്‍ മലബാറിന്റെ വിമോചന പോരാട്ടങ്ങള്‍ക്ക് പ്രത്യയശാസ്ത്രംകൊണ്ടും സാന്നിധ്യംകൊണ്ടും ഉശിരു പകര്‍ന്ന വിമോചന പോരാളിയായ പണ്ഡ്തന്‍ ഖാസി മുഹമ്മദ് ബിന്‍ അബ്ദില്‍ അസീസിന്റെത് തന്നെയാണ് ഈ പോര്‍ച്ചുഗീസ് അധിനിവേശകര്‍ക്കെതിരെയുള്ള സമരാഹ്വാനം പ്രമേയമായുള്ള അറബി പ്രഭാഷണം. ഖാസി മുഹമ്മദിന്റെതായി പല അധിനിവേശ വിരുദ്ധ ലിഖിതങ്ങളുമുള്ളതായി അദ്ദേഹത്തിന്റെ രചനകള്‍ വിശകലനം ചെയ്യപ്പെട്ടിടത്തൊക്കെ പരാമര്‍ശം കാണാമെങ്കിലും ഫതഹുല്‍ മുബീനല്ലാതെ മറ്റൊന്നിന്റെയും ഉള്ളടക്കപരമായ അടിസ്ഥാനങ്ങളിലേക്ക് വെളിച്ചം വീശുന്ന വെളിപ്പെടുത്തലുകള്‍ ലഭ്യമായിരുന്നില്ല. എന്നാല്‍, ഇന്ത്യയിലെ മൂല്യവത്തായ കൈയെഴുത്തു പ്രതികള്‍ കണ്ടെടുക്കാന്‍ രൂപീകൃതമായ നാഷ്ണല്‍ മിഷന്‍ ഫോര്‍ മാനുസ്‌ക്രിപ്റ്റ് കേരളത്തില്‍ ഈയിടെ നടത്തിയ ശില്‍പശാലയുടെ ഭാഗമായി നടത്തിയ ഗ്രന്ഥശാലാ പരിശോധനയിലാണ് ഈ ചരിത്രപ്രാധാന്യമുള്ള പ്രഭാഷണ രേഖ കണ്ടെടുത്തത്. പ്രമുഖ പണ്ഡിതനായിരുന്ന പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ സ്വകാര്യ ഗ്രന്ഥശേഖരത്തില്‍നിന്നാണ് ഈ നിര്‍ണായക ചരിത്ര രേഖ ലഭിച്ചത്.
    മലബാറിന്റെ സമാധാനാന്തരീക്ഷത്തെ പുര്‍ണാര്‍ത്ഥത്തില്‍ തകിടം മറിച്ച പോര്‍ച്ചുഗീസ് അദിനിവേശകരെ തുരത്താന്‍ തദ്ദേശീയ മുസ്‌ലിംകളെ സമര സജ്ജരാക്കാന്ഡ അദ്ദേഹം നിരന്തരം നടത്തിയ പ്രത്യയ ശാസ്ത്ര പരിശ്രമത്തിന്റെ തുടര്‍ച്ചയാണിത്. ചാലിയം കോട്ട പിടിച്ചെടുക്കാനുള്ള യുദ്ധവേളയില്‍ ചാലിയത്തേയും സമീപദേശങ്ങളിലെയും പള്ളികളിലേക്ക് മുസ്‌ലിംകളെ ഉല്‍ബോധിപ്പിക്കാന്‍ വേണ്ടി അദ്ദേഹം തന്നെ രചിച്ചു അയച്ചുകൊടുത്ത ഒരു പ്രഭാഷണമായിട്ടാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്.
    ഖുര്‍ആനിന്റെയും ഹദീസിന്റെയും ഉദ്ധരണികള്‍ നിരത്തി സ്വന്തം മണ്ണും മനസ്സും കവര്‍ന്നെടുക്കാന്‍ ഒരുമ്പെട്ടിറങ്ങിയ പോര്‍ച്ചുഗീസ് അധിനിവേശകര്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പും ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണെന്നും ആ വഴിയില്‍ രക്തസാക്ഷിത്വം വഹിക്കാന്‍ അവസരം ലഭിച്ചാല്‍ അത് വിശ്വാസിയുടെ വമ്പിച്ച നേട്ടമായിരിക്കുമെന്നും ഈ പ്രഭാഷണത്തിലൂടെ അദ്ദേഹം ഓര്‍മപ്പെടുത്തുന്നു. പോര്‍ച്ചുഗീസ് തേര്‍വാഴ്ച്ചകളുടെ ഭീകരതയും ഭയാനകതയും ഉജ്ജ്വലമായി വര്‍ണിക്കുന്ന ഈ പ്രഭാഷണത്തില്‍, ആരെങ്കിലും വിശുദ്ധ പോരാട്ടത്തിനിറങ്ങാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഇതാണ് അതിന് ഏറ്റവും പറ്റിയ സമയമെന്നും പ്രത്യേകം ഉണര്‍ത്തുന്നു. ആലസ്യത്തിലും അലംഭാവത്തിലും മൂടിക്കിടന്നാല്‍ നമ്മുടെ ദേശത്തിന്റെയും ദേശവാസികളുടെയും സര്‍വ്വനാശം അകലെയല്ലാ എന്ന സത്യവും ഈ പ്രഭാഷണത്തിന്റെ വരികളിലൂടെ അദ്ദേഹം പ്രത്യേകം എടുത്തുപറയുന്നുണ്ട്.
    സമരക്കളത്തിലേക്കിറങ്ങാന്‍ സാധിക്കാത്തവര്‍ സമരയോദ്ധാക്കള്‍ക്കു വേണ്ട ഒത്താശകള്‍ ചെയ്തുകൊടുക്കുന്നതിലെ പ്രാധാന്യവും മഹത്വവും ഈ പ്രഭാഷണത്തിലൂടെ അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. യോദ്ധാവിന് വേണ്ട ഒരുക്കങ്ങള്‍ ചെയ്തു കൊടുത്താന്‍ അവന്‍ യുദ്ധം ചെയ്തവനു സമാനമാണെന്ന തിരുവചനം ഉദ്ധരിച്ചാണ് ഈ യാഥാര്‍ത്ഥ്യം അദ്ദേഹം തുറന്നുപറയുന്നത്.
    നാവികയുദ്ധത്തിന്റെ പരമപ്രാദാന്യം വ്യക്തമാക്കാന്‍ ഈ പ്രസംഗത്തിന്റെ ഒരു ഭാഗം അദ്ദേഹം പ്രത്യേകം വിനിയോഗിക്കുന്നുണ്ട്. കരയില്‍ പത്തുതവണ യുദ്ധം ചെയ്യുന്നതിനെക്കാള്‍ മഹത്തരം കടലില്‍ ഒരു തവണ യുദ്ധം ചെയ്യുന്നതാണെന്നാണ് അദ്ദേഹം പറയുന്നത്.
    ‘ആര്‍ക്കെങ്കിലും എന്റെ കൂടെ യുദ്ധം ചെയ്യാന്‍ സാധിച്ചിട്ടില്ലെങ്കില്‍ അവന്‍ നാവിക യുദ്ധത്തില്‍ പങ്ക് കൊള്ളട്ടെ’ എന്ന പ്രവാചക വചനം ഇതിന് ഉപോല്‍പലകമായി അദ്ദേഹം പ്രഭാഷണത്തില്‍ ഉദ്ധരിക്കുകയും ചെയ്യുന്നു.
    ചുരുക്കത്തില്‍, ഹൃസ്വമെങ്കിലും കനപ്പെട്ടൊരു പ്രഭാഷണോപഹാരമാണിത്. ഉന്നതമായ അറബിയില്‍ പാരായണത്തെ ആകര്‍ഷകമാക്കുംവിധത്തില്‍ പ്രാസം ശ്രദ്ധിച്ചും സുന്ദരമായ അറബി ശൈലികള്‍ പ്രയോഗിച്ചും മനോഹരമായ വാദങ്ങള്‍ ഉപയോഗിച്ചും ഒരു സാഹിത്യ സൃഷ്ടി എന്ന നിലയിലും ഉന്നത നിലവാരം പുലര്‍ത്തുന്നതാണിത്. സര്‍വ്വോപരി, അധിനിവേശ വിരുദ്ധ സമര രംഗത്തേക്ക് ഇറങ്ങാന്‍ തദ്ദേശീയരായ മുസ്‌ലിംകള്‍ക്ക് വീറും ഉശിരും പകരാന്‍ എന്തുകൊണ്ടും പര്യപ്തമായ പ്രമേയമാണ് അറബിയില്‍ ഒരുക്കിയ ഈ പ്രഭാഷണത്തിന്റെ സവിശേഷത.

    ReplyDelete