കോളേജ് അധ്യാപക യോഗ്യത എം.ഫില്‍, പിഎച്ച്.ഡി. ഉണ്ടെങ്കില്‍ നെറ്റ് വേണ്ട
(10 Nov) ന്യൂഡല്ഹി: എം.ഫില്‍. ബിരുദം നേടിയവര്ക്ക് കോളേജ് അധ്യാപക നിയമനത്തിന് ദേശീയ യോഗ്യതാപരീക്ഷ (നെറ്റ്) നിര്ബന്ധമാക്കേണ്ടതില്ലെന്ന് യു.ജി.സി. തീരുമാനിച്ചു. 2009 ജൂലായിക്കു മുമ്പ് എം.ഫില്‍. പാസ്സായവര്ക്കാണ് പുതിയ വ്യവസ്ഥ ബാധകമാവുക. കോളേജുകളിലും സര്വകലാശാലകളിലും അധ്യാപക നിയമനത്തിനായി നെറ്റ് പാസ്സായിരിക്കണമെന്ന് നേരത്തേ യു.ജി.സി. നിര്ദേശം പുറപ്പെടുവിച്ചിരുന്നു. എം.ഫില്‍. ബിരുദധാരികള്‍ക്ക് കോളേജുകളില്‍ അസി. പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പുതിയ അധ്യാപക നിയമനം സംബന്ധിച്ച് യു.ജി.സി. പുറപ്പെടുവിച്ച മാര്‍ഗരേഖയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 2009 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പിഎച്ച്.ഡി. നേടിയവര്ക്കും ജൂലായ് പത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും ഈ ഇളവ് ബാധകമാക്കും. ഡല്ഹി സ്വദേശി വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കോളേജ് അധ്യാപക നിയമനത്തിന് നെറ്റ് നിര്ബന്ധമാക്കിയുള്ള വ്യവസ്ഥയ്ക്കെതിരെ ഒരുവിഭാഗം ഉദ്യോഗാര്‍ഥികള്‍ ശക്തമായ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയില്‍ ഇക്കാര്യത്തില്‍ കേസും നടക്കുന്നുണ്ട്. തമിഴ്നാട്ടിലെ 1024 അധ്യാപക തസ്തികകളില്‍ നെറ്റ് യോഗ്യതയുള്ള പിഎച്ച്.ഡി. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാമെന്നറിയിച്ച് ടീച്ചേഴ്‌സ് റിക്രൂട്ട്‌മെന്‍റ് ബോര്ഡ് പുറപ്പെടുവിച്ച ഉത്തരവിനെതിരെയായിരുന്നു ഹര്ജി. 1993 വരെയുള്ള കാലയളവില്‍ എം.ഫില്‍. നേടിയവര്ക്ക് കോളേജ് അധ്യാപക നിയമനത്തിന് നെറ്റ് നിര്ബന്ധമാക്കേണ്ടെന്ന് നേരത്തേ യു.ജി.സി. നിര്ദേശിച്ചിരുന്നു. പുതിയ നിര്ദേശത്തോടെ രാജ്യത്തെമ്പാടുമുള്ള ആയിരക്കണക്കിനു പേര്ക്ക് നിയമനം ലഭിക്കാന്‍ സാഹചര്യമൊരുങ്ങും. കോളേജുകളില്‍ ആവശ്യമായ അധ്യാപകരുടെ കുറവ്പരിഹരിക്കാനും പുതിയ തീരുമാനം ഉപകരിക്കും.
No comments:
Post a Comment